
ബംഗളുരു ആസ്ഥാനമായുള്ള ബുക്ക് ബ്രഹ്മ ഫൗണ്ടേഷനാണ് രണ്ടുവർഷം മുമ്പ് ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ആരംഭിച്ചത്. എഴുത്തുകാരനും മുൻ മാധ്യമപ്രവർത്തകനുമായ സതീഷ് ചപ്പരികെയാണ് അതിന് മുൻകൈയെടുത്തത്. അദ്ദേഹമാണ് ഫെസ്റ്റിവൽ ഡയറക്ടർ. തെന്നിന്ത്യൻ ഭാഷകളിലെ സമ്പന്നമായ സാഹിത്യ പാരമ്പര്യം ദേശീയ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുക, കന്നഡ ,തമിഴ്, തെലുഗു, മലയാളം ഭാഷകളിലെ സാഹിത്യലോകത്തെ പരസ്പരം കൂട്ടിയിണക്കുക, എഴുത്തുകാർ, പ്രസാധകർ, വിവർത്തകർ, വായനക്കാർ, ഗവേഷകർ എന്നിവർക്കിടയിൽ ആശയവിനിമയത്തിനും സഹകരണത്തിനും ഒരു പൊതുവേദി സൃഷ്ടിക്കുക, സാഹിത്യത്തോടൊപ്പം കല, സംസ്കാരം, ഭാഷ എന്നിവയുടെ പരസ്പരബന്ധം ആഘോഷിക്കുക, ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിലൂടെ ഐക്യം ശക്തിപ്പെടുത്തുക, എന്നിവയാണ് ബുക്ക് ബ്രഹ്മ ലക്ഷ്യമിട്ടത്. ബംഗളുരു കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിലാണ് 2024 ആഗസ്റ്റിൽ മൂന്ന് ദിവസം നീണ്ടുനിന്ന സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പ് സംഘടിപ്പിച്ചത്. നാലു തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലുമായി പ്രത്യേകം ചർച്ചകളും സെഷനുകളും അഭിമുഖങ്ങളും പുസ്തകമേളകളുമൊക്കെ ഉണ്ടായിരുന്നു. നൂറുകണക്കിന് എഴുത്തുകാരും ആയിരക്കണക്കിന് വായനക്കാരും പങ്കെടുത്ത ആദ്യ പതിപ്പുതന്നെ ഇന്ത്യൻ ഭാഷകൾക്ക് സമർപ്പിക്കപ്പെട്ട ഏറ്റവും വലിയ സാഹിത്യോത്സവം എന്ന സൽപ്പേര് ബുക്ക് ബ്രഹ്മയ്‌ക്ക് നേടിക്കൊടുത്തു. ആദ്യപതിപ്പിൽ തമിഴ് എഴുത്തുകാരൻ ജയകാന്തനാണ് ബുക്ക് ബ്രഹ്മ പുരസ്കാരത്തിന് അർഹനായത്. രണ്ടുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.രണ്ടാം പതിപ്പിൽ കെ ആർ മീരയ്ക്കായിരുന്നു പുരസ്‌കാരം. ഇത്തവണ തെലുഗു സാഹിത്യരംഗത്ത് അംഗീകാരം നേടിയ എഴുത്തു കാരൻ മുഹമ്മദ് ഖദിർ ബാബുവിനാണ് പുരസ്‌കാരം.ഈ വർഷം മുതൽ ഒരു ലക്ഷം രൂപയുടെ മറ്റൊരു പുരസ്‌കാരം കൂടി ബുക്ക് ബ്രഹ്മ നൽകുന്നുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മികച്ച കൃതിയ്ക്കാണത്. ആദ്യപതിപ്പിൽ സച്ചിദാനന്ദൻ, എൻ എസ് മാധവൻ, കെ പി രാമനുണ്ണി തുടങ്ങിയ നിരവധി പ്രമുഖർ കേരളത്തിൽ നിന്നും പങ്കെടുത്തിരുന്നു. രണ്ടാം പതിപ്പിൽ കെ ആർ മീരയെ കൂടാതെ സക്കറിയ, യു കെ കുമാരൻ,കെ പി രാമനുണ്ണി, ബെന്യാമിൻ, കെ വി സജയ്, സോമൻ കടലൂർ, ഇ. സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, വീരാൻകുട്ടി തുടങ്ങിയ പ്രമുഖർ എത്തിയിരുന്നു. സുധാകരൻ രാമന്തളിയായിരുന്നു മലയാള വിഭാഗം ക്യുറേറ്റർ. ()ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാമത്തെ പതിപ്പ് വർധിച്ച പ്രാതിനിധ്യത്തോടെയും പുതുമകളോടെയും ആഗസ്റ്റ് 21,22,23 തിയ്യതികളിൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കുമ്പോൾ അതിന്റെ കപ്പിത്താനായി, ഫെസ്റ്റിവൽ ഡയറക്ടറായി സതീഷ് ചപ്പരികെ മുന്നിൽ തന്നെയുണ്ട്. ഈ വ്യത്യസ്തമായ സാഹിത്യോത്സവ വിജയത്തിന്റെ പ്രധാന ക്രെഡിറ്റ് മികച്ച സംഘാടകനായ അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പിൻനിരയിൽ നിന്ന് പ്രവർത്തിക്കാനാണ്, ലോ പ്രൊഫൈൽ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സതീഷിന് ഇഷ്ടം. ഫെസ്റ്റിന്റെ തിരക്കിനിടയിൽ വേദിയോരത്തോ പുസ്തകശാലയിലോ സദസ്സിന്റെ മൂലയിലോ നിൽക്കുന്ന അദ്ദേഹത്തെ പലപ്പോഴും തിരിച്ചറിയുകപോലുമില്ല. ഉഡുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ ചപ്പരികെ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് സതീഷിന്റെ ജനനം. സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസത്തിൽ ഉന്നത ബിരുദം സമ്പാദിച്ചു. കാൽനൂറ്റാണ്ടിലേറെ കാലം അദ്ദേഹം കന്നഡ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും കന്നഡത്തിലും എഴുതുന്ന സതീഷ് നിരവധി കൃതികളുടെ കർത്താവാണ്. സാഹിത്യവും ഭാഷയും സമൂഹത്തെ മാറ്റാൻ കഴിയുന്ന ശക്തികളാണ് എന്ന വിശ്വാസത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് സമകാലീന ഇന്ത്യൻ സാഹിത്യ സംഘാടകരിൽ ശ്രദ്ധേയനായ സതീഷ് ചപ്പരികെ. ഇദ്ദേഹത്തിന്റെ ആദ്യ നോവൽ ഘാന്ദ്രുക് മാറിവരുന്ന മൂല്യ സങ്കല്പവും ദേശകാല പരികല്പനകളും ജീവിതത്തിന്റെ സ്വരൂപത്തെ തന്നെ പരിവർത്തനവിധേയമാക്കുന്ന കഥയാണ് പറയുന്നത്. മനുഷ്യന്റെ ബുദ്ധിയെ കൃത്രിമബുദ്ധി ആക്രമിക്കുന്ന ഈ കാലത്ത് ഘാന്ദ്രുകിന്റെ പ്രമേയം അതീവ ശ്രദ്ധേയവും പ്രസക്തവുമാണ്. തമിഴ്, തെലുഗു, മറാത്തി, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവൽ സുധാകരൻ രാമന്തളി അതേ പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ടു പതിപ്പുകളിലെന്ന പോലെ ഈ വർഷവും മലയാളവിഭാഗം ക്യുറേറ്ററായി പ്രവർത്തിക്കുന്നത് സുധാകരൻ രാമന്തളിയാണ്. ഈ പ്രാവശ്യം ഒമ്പത് മലയാളം സെഷനുകളുണ്ട്. കേരളത്തിൽ നിന്നെത്തുന്ന സക്കറിയ, എൻ. എസ്. മാധവൻ, കെ. ആർ മീര, കെ പി രാമനുണ്ണി, ബെന്യാമിൻ, സോമൻ കടലൂർ, എം. കെ. ഹരികുമാർ, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, പി. വി ഷാജികുമാർ, ഇ. പി രാജഗോപാലൻ, സജയ് കെ വി , പി. രാമൻ,ഇ. സന്ധ്യ, രാഹുൽ രാധാകൃഷ്ണൻ, എം പി ലിപിൻ രാജ്,അർഷദ് ബത്തേരി തുടങ്ങിയവരോടൊപ്പം ബംഗളുരുവിലെ ശ്രദ്ധേയരായ ഇരുപതോളം എഴുത്തുകാർ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്. വിപുലമായ ഫുഡ് കോർട്ട്, പ്രസാധക സെമിനാറുകൾ, ക്ലാസിക് കലകളുടെ ആവിഷ്കാരം, നവകർണാടക, ഡി സി ബുക്സ്, കലച്ചുവട്, ചായ ബുക്സ്, ബുക്ക് വേം, സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പുസ്തകമേളയും ബുക്ക് ബ്രഹ്മ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യോത്സവം 21 നാണ് ആരംഭിക്കുന്നതെങ്കിലും ഫെസ്റ്റുമായി ബന്ധപ്പെട്ട മറ്റു മേഖലകൾ 14 മുതൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഭാഷകളെയും ഒന്നിപ്പിക്കുന്ന ദേശീയ സാഹിത്യോത്സവമാക്കി ബുക്ക് ബ്രഹ്മ ഫെസ്റ്റിനെ മാറ്റിയെടുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
Photo Courtesy - Google











